2007, ഒക്‌ടോബർ 20, ശനിയാഴ്‌ച

വീണുപോയ തൂണു

by Dr. Simon Zachariah
ഒരണു ഭാരവും ആ തൂണു ഏറ്റിയില്ല
ഒരു കാറ്റു പോലുമതിനെതിരെ ഊതിയില്ല
ഒരഞ്ചടി പോലുമതിനു ഉയരമില്ല
ആ തൂണു തനിച്ച്‌ നിന്ന് വീണതാണേ!

ഇന്നും ഞാനോര്‍ക്കുന്നു അതു പണിത നാളു
ഇഷ്ടിക ഓരോന്നായ്‌ അടുക്കി പണിത നാളു
തെറ്റുകള്‍ അങ്ങിങ്ങായ്‌ ഗൗനിക്കാത്ത നാളു
ഉയര്‍ന്നു വരുന്തോറും അതു ചരിഞ്ഞ നാളു

പലനാളു കൊണ്ടു പടുത്ത ബന്ധം
പെട്ടെന്നു തകര്‍ന്നങ്ങു പോയതെന്തേ
ഇന്നെന്ന പോലെ ഞാന്‍ ഓര്‍ക്കുന്നെല്ലാം
വാക്കുകള്‍ അങ്ങിങ്ങായ്‌ പാളിയല്ലോ

നന്ദി പറയാന്‍ മറന്നു പോയ്‌ ഞാന് ‍
സ്നേഹിക്കുന്നെന്നും പറഞ്ഞില്ല ഞാന്‍
കുത്തുവാക്കുകള്‍ പലതും തെറിച്ചു വീണു
മിണ്ടാതുറങ്ങി പല ദിനരാത്രങ്ങള്‍

ഒരു നാള്‍ ആ തൂണു തര്‍കന്നു വീണു
ഒരു നാള്‍ ആ ബന്ധം തകര്‍ന്നടിഞ്ഞു
പല നാളിലെ കൊച്ചു അശ്രദ്ധ മാത്രം
അന്നന്ന് ശരിയായ്‌ പണിതില്ല ഞാന്‍

1 അഭിപ്രായം:

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

ഈ ബ്ലോഗ് ആദ്യമായാണ് കാണുന്നത്. എന്തേ വിട്ടു പോയതെന്നറിയില്ല. നല്ല വരികള്‍. നല്ലൊരു കവിതാസ്വാദകനല്ല ഞാന്‍. അതുകൊണ്ട് തന്നെ ഒറ്റ വായനയില്‍ മനസ്സിലാകാത്ത കവിതകള്‍ എപ്പോഴും എനിക്ക് ദുരൂഹമാണ്. പക്ഷേ താങ്കളുടെ വരികള്‍ മനസ്സില്‍ തറക്കുന്നു.

ആശംസകള്‍.