2007, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

പാടും കിളി

by: Dr. Simon Zachariah

പാടും കിളിക്കു ഞാന്‍ പഴം കൊടുത്തു
പാടും കിളിക്കു ഞാന്‍ പയര്‍ കൊടുത്തു
പാടും കിളി- പനയോല തന്‍ പാട്ടു പാടി
പാട്ടു കേട്ടെന്‍ പാടത്തു പയര്‍ കിളിര്‍ത്തു

പാടും കിളിക്കവര്‍ പണം കൊടുത്തു
പാടും കിളിക്കവര്‍ പവിഴമേകി
പാടും കിളിക്കെന്തിനീ പാഴ്ച്ചിലവു?
പാടെന്തുപെട്ടിട്ടും പാടീല്ലതു

പെറ്റമ്മ എന്നെ പോറ്റാന്‍ പാടുപെട്ടു
പട്ടും പണവും തേടി ഞാന്‍ നാടു വിട്ടു
പട്ടും പണവും ഞാന്‍ ഏറെ നല്‍കി
എന്നാല്‍ ഇന്നവള്‍ ഒറ്റക്കായ്‌-ഏകയായി

പട്ടുടുക്കാന്‍ അവള്‍ക്കു ത്രാണിയില്ല
പണം കൊണ്ട്‌ വാങ്ങാന്‍ സ്നേഹം കടയിലില്ല
മാറിലെ ചൂടേകാന്‍ കമ്പിളിക്കാവതില്ല
കെട്ടിപ്പിടിച്ചെന്നമ്മയെ ഞാനുറക്കും.

രഹസ്യദുഃഖം

By: Dr. Simon Zachariah

പണിപ്പെടാതെ പണമുണ്ടാക്കാന്‍ പണക്കാരനറിയാം
പക്ഷേ പാവത്തിന്റെ ദുഃഖം പാരിലാരറിവൂ...
പടം വരയ്ക്കാനുമറിയില്ല പണിതുയര്‍ത്താനുമറിയില്ല
പടയൊരുക്കി പട പൊരുതാനും പാവത്തിനറിയില്ല

കാന്തിയേറുമൊരു പൂവുണ്ട്‌- കായ്ക്കാന്‍ ഏതുമറിയില്ല
മധുവേറും ഫലമുണ്ടൊന്ന്-ഫലമെന്ത്‌ വിത്തൊന്നുമില്ലെങ്കില്‍
പുഴയിലേറെ ജലമുണ്ടഹോ-ചാലുകളില്ലല്ലോ പരന്നൊഴുകാന്‍!
ആയുധമേറെയുണ്ടാം-പക്ഷേ പ്രയോഗിക്കാനാര്‍ക്കറിയാം?

സത്യമേറെയറിഞ്ഞേക്കാം- ധൈര്യമുണ്ടോ പുറത്തോതാന്‍?

ആരുടെ കുറ്റമാണു?

By: Dr. Simon Zachariah

ഗോവണി വച്ചു കൊടുത്തിട്ടല്ലേ കുരങ്ങ്‌ കയറി വന്നത്‌?
വടിയെടുത്തു കൊടുത്തിട്ടല്ലേ അടി നീ മേടിച്ചത്‌?

വാതില്‍ തുറന്നിട്ടിട്ടല്ലേ കള്ളന്‍ കട്ടുകൊണ്ടു പോയത്‌?
എണ്ണ ഒഴിച്ച്‌ കൊടുത്തിട്ടല്ലേ തീ ആളിക്കത്തിയത്‌?

ചളിയില്‍ ചാടിക്കളിച്ചിട്ടല്ലേ നീ തെന്നി വീണുപോയത്‌?
താഴ്‌ന്നു പറന്നിട്ടല്ലേ പക്ഷി വെടികൊണ്ട്‌ വീണു പോയത്‌?

ഏഷണി പറഞ്ഞിട്ടല്ലേ തമ്മില്‍ വഴക്കടിപ്പിച്ചത്‌?
ദുര്‍മ്മാര്‍ഗ്ഗം കാണിച്ചിട്ടല്ലേ നിന്‍ കുഞ്ഞ്‌ അതു പഠിച്ചത്‌?

2007, ഒക്‌ടോബർ 21, ഞായറാഴ്‌ച

മേരി ടീച്ചര്‍

By Dr. Simon Zachariah

മേരി ടീച്ചര്‍ എണ്ണാന്‍ പഠിപ്പിച്ചു കുഞ്ഞുങ്ങളെ
ഒന്നു മുതല്‍ ആയിരം വരെ ....പട പടേ
ഓരോ കുട്ടിയുമതേറ്റു പാടി ....തുരു തുരേ
തൊള്ളായിരത്തിതൊണ്ണൂറ്റൊമ്പതു ...ആയിരം

കുട്ടികള്‍ വളര്‍ന്നു ...ഊക്കന്‍ പൗരരായ്‌
നാളത്തെ പൗരരായിരുന്നോര്‍ പൂമ്പാറ്റയായ്‌
ചിലര്‍ നിശാശലഭങ്ങളായ്‌ വണ്ടുകളായ്‌
പല വഴിക്കു പോയെങ്കിലും എണ്ണം മറന്നില്ല.

ചിലരെണ്ണീ ചില സ്വര്‍ണ്ണനാണയങ്ങളെ
പലരെണ്ണീ ഏറെ അരിമണികളെ.....
ചിലരെണ്ണീ തണുത്ത ജയിലഴികളെ....
ആരും എണ്ണാന്‍ മറന്നില്ല കൂട്ടരെ!

എട്ടു പത്ത്‌ എണ്‍പതെന്നാണു വാസ്തവം
ഒന്‍പത്‌ പത്ത്‌ എങ്ങിനെ തൊണ്ണൂറായെടോ?
ഒന്‍പത്‌ നൂറെങ്ങിനെ തൊള്ളായിരമായ്‌ ടീച്ചറെ?
നിന്‍ ഓമനകളെങ്ങിനെ പലവഴി തിരിഞ്ഞു പോയ്‌?

ഫലമായ്‌ ഭവിച്ചതെല്ലാം ഭുജിച്ചിടാനാകുമോ?
പറഞ്ഞും കാണിച്ചും തല്ലിയും പഠിപ്പിക്കുക
കമിഴ്‌ന്നിരിക്കും കുടം നിവര്‍ത്തി നിറക്കുക
അതു താന്‍ മാത്രം നിന്‍ കര്‍മ്മവും ധര്‍മ്മവും.

ഉറുമ്പും ഉടുമ്പും

By Dr. Simon Zachariah

ഉറുമ്പിനെ കൊന്നാല്‍ കുഴിച്ചിടേണ്ട
ഉടുമ്പിനെ കൊന്നാല്‍ കുഴിച്ചൂമൂടാം

ഉറുമ്പിനെ കൊല്ലാതെ കുഴിച്ചു മൂടാ
ഉടുമ്പിനെ കൊല്ലാതെ കുഴിച്ചു മൂടാ

ഉറുമ്പിനെ ചവുട്ടിയാല്‍ ആരറിയാന്‍
ഉടുമ്പിനെ ചവുട്ടിയാല്‍ മറക്കില്ല നീ

ഉടുമ്പിന്നരികെ ഉറുമ്പ്‌ പോകാ
ഉറുമ്പിന്‍ കൂട്ടില്‍ ഉടുമ്പ്‌ പോകാ

സംശയമുണ്ടെങ്കില്‍ ചവുട്ടി നോക്കൂ
മറിച്ചാണെങ്കില്‍ ഞാന്‍ തിരുത്താം.

2007, ഒക്‌ടോബർ 20, ശനിയാഴ്‌ച

കൃഷിക്കാരന്‍

By Dr. Simon Zachariah

ഒരു വിത്തു നട്ടാല്‍ ഒരു മരമുണ്ടാകാം
ആയിരം വിത്തു നട്ടാല്‍ ആയിരം മരമുണ്ടാകാം
നീയെത്ര മരം നടുമെന്‍ കൂട്ടുകാരാ?

മുറ്റത്തു നട്ടാല്‍ ചുറ്റുമുള്ളോര്‍ക്കു തിന്നാം
നാട്ടിലൊക്കെ നട്ടാല്‍ നാട്ടിലുള്ളോര്‍ക്കൊക്കെ തിന്നാം
നീയെവിടെയൊക്കെ മരം നടുമെന്‍ കൂട്ടുകാരാ?

നല്ല പഴമരം നട്ടാല്‍ രുചിയോടെ തിന്നാം
വല്ല മരവും നട്ടാല്‍ തടി മുറിച്ച്‌ പലകയാക്കാം
എന്തു മരം നടും നീ കൂട്ടുകാരാ?

വീണുപോയ തൂണു

by Dr. Simon Zachariah
ഒരണു ഭാരവും ആ തൂണു ഏറ്റിയില്ല
ഒരു കാറ്റു പോലുമതിനെതിരെ ഊതിയില്ല
ഒരഞ്ചടി പോലുമതിനു ഉയരമില്ല
ആ തൂണു തനിച്ച്‌ നിന്ന് വീണതാണേ!

ഇന്നും ഞാനോര്‍ക്കുന്നു അതു പണിത നാളു
ഇഷ്ടിക ഓരോന്നായ്‌ അടുക്കി പണിത നാളു
തെറ്റുകള്‍ അങ്ങിങ്ങായ്‌ ഗൗനിക്കാത്ത നാളു
ഉയര്‍ന്നു വരുന്തോറും അതു ചരിഞ്ഞ നാളു

പലനാളു കൊണ്ടു പടുത്ത ബന്ധം
പെട്ടെന്നു തകര്‍ന്നങ്ങു പോയതെന്തേ
ഇന്നെന്ന പോലെ ഞാന്‍ ഓര്‍ക്കുന്നെല്ലാം
വാക്കുകള്‍ അങ്ങിങ്ങായ്‌ പാളിയല്ലോ

നന്ദി പറയാന്‍ മറന്നു പോയ്‌ ഞാന് ‍
സ്നേഹിക്കുന്നെന്നും പറഞ്ഞില്ല ഞാന്‍
കുത്തുവാക്കുകള്‍ പലതും തെറിച്ചു വീണു
മിണ്ടാതുറങ്ങി പല ദിനരാത്രങ്ങള്‍

ഒരു നാള്‍ ആ തൂണു തര്‍കന്നു വീണു
ഒരു നാള്‍ ആ ബന്ധം തകര്‍ന്നടിഞ്ഞു
പല നാളിലെ കൊച്ചു അശ്രദ്ധ മാത്രം
അന്നന്ന് ശരിയായ്‌ പണിതില്ല ഞാന്‍

യാഥാര്‍ത്ഥ്യം

നേരല്ലാത്തതെല്ലാം നുണയാണഹോ
നുണ പലതുള്ളപ്പോള്‍ നേര്‍ ഒന്നുമാത്രമാം

നേരിനെ ഒരു വസ്തുവായ്‌ കാണുമ്പോള്‍
നുണകളെല്ലാം നിഴലുകള്‍ മാത്രം!

ചില നുണകള്‍ നിഴലാണെങ്കില്‍
മറ്റു നുണകള്‍ പ്രതിബിംബങ്ങളാകാം

നിഴലില്‍ നിന്നു നോക്കിയാല്
‍നേരിന്‍ നല്‍ മുഖം കണ്ടിടാം

പ്രതിബിംബത്തിന്‍ നേര്‍ വരയില്‍ തന്നെ നാം
യാഥാര്‍ത്ഥ്യത്തിന്‍ സ്വരൂപം കണ്ടിടാം

കല്ലു വച്ചോരു നല്ല നുണയേവം
സത്യത്തിലേക്കുള്ള വഴികാട്ടിയായിടും

നുണ ഒട്ടേറെ പറയുന്തോറും
സത്യത്തിലേക്കുള്ള വഴികാട്ടിയായിടും

പൂര്‍ത്തിയാക്കാത്ത സത്യമാണത്രേ നൂണ
പൂര്‍ണ്ണമല്ലാത്ത സത്യമാണല്ലോ നുണ

ഒരുനുണ പറയാനെന്തെളുപ്പം
പത്തു നുണ പറയാന്‍ അസാദ്ധ്യമാണഹോ

ഇരുപതു ചോദ്യത്താല്‍ സത്യം അറിയും കളി
ഒളിപ്പിച്ചു വയ്ക്കാന്‍ അസാദ്ധ്യമാം കള്ളി

ഞാന്‍ എന്തു പിഴച്ചു?

By Dr. Simon Zachariah

മുട്ടകള്‍ കണ്ടാലൊരുപോലെ
മയമുള്ള മുട്ട, നിറമുള്ള മുട്ട!
ഉള്ളില്‍ നല്ല കുഞ്ഞുള്ള വെള്ളമുട്ട!
പാമ്പിന്റേതെങ്കില്‍ ആര്‍ക്കു വേണം?

കുട്ടികള്‍ കണ്ടാലൊരുപോലെ
ചിരിക്കുന്നോരു കുട്ടി, കരയുന്നോരു കുട്ടി
നല്ല ഭാവിയുള്ളോരു ഉണ്ടാസു കുട്ടി
ഭിക്ഷക്കാരെന്റേതായാല്‍ ആര്‍ക്കു വേണം?

മിത്രത്തിന്‍ കുട്ടിയെ എന്തു സ്നേഹം!
പിറ്റേന്നു ആത്മമിത്രം ശത്രുവായേന്‍
കുട്ടിക്കതില്‍ പങ്കു ഒന്നുമില്ല.
പക്ഷെ ശത്രുവിന്‍ കുട്ടിയെ ആര്‍ക്കു സ്നേഹം!

2007, ജനുവരി 30, ചൊവ്വാഴ്ച

അമ്മയും കുഞ്ഞും

ആദ്യ ശ്വാസമെടുത്തു പൊട്ടികരഞ്ഞപ്പോള്‍ കുഞ്ഞു കരഞ്ഞാര്‍ത്തു ചോദിച്ചു
എത്ര നാള്‍ ഞാന്‍ കരയണം, എത്ര തവണ കരയണം, എത്ര കരച്ചിലടക്കണം,
എന്തിനൊക്കെ കരയണം, എന്തിനൊക്കെ കരയാതിരിയ്കണം?

ആദ്യം ചിരി കോട്ടി ചിരിച്ചപ്പോള്‍കുഞ്ഞു ചോദിച്ചു, എന്തിനൊക്കെ ചിരിക്കണം,
എത്ര ഉറക്കെ ചിരിക്കണം, ആരെയൊക്കെ ചിരിച്ചു മയക്കണം,
എത്ര കള്ളച്ചിരി ചിരിക്കണം, എത്ര ചിരിയടക്കണം?

ആദ്യ പാദം കൊച്ചടി വച്ചപ്പോള്‍ കുഞ്ഞു ചോദിച്ചു എത്ര നാഴിക നടക്കണം,
എത്ര കുറുക്കു വഴി തേടണം, എത്ര നാള്‍ തനിച്ചു നടക്കണം,
ആരോടൊക്കെ ചേര്‍ന്നു നടക്കണം, എത്ര വേഗം നടക്കണം, എത്ര പതുങ്ങി നടക്കണം?

ആദ്യവാക്ക്‌ 'അമ്മ' എന്നു മൊഴിഞ്ഞപ്പോള്‍ കുഞ്ഞു മനസ്സില്‍ ചോദിച്ചു,
എത്ര വാക്കു പറയണം, എത്ര നാള്‍ പറയണം,
എവ്വിധം പറയണം, ആരോടൊക്കെ പറയണം?

മിഴിയുറച്ചപ്പോള്‍ കുഞ്ഞു അമ്മ തന്‍ മുഖത്തു നോക്കി ചോദിച്ചു
ഏന്തൊക്കെ കാഴ്ച കാണണം,എന്തിനൊക്കെ കണ്ണടക്കണം?

അമ്മ ചൊല്ലീ തന്‍ കുഞ്ഞിനോട്‌"ഈശന്‍ പാതെ നടക്കണം...
ഈശന്‍ മുഖം നോക്കീടണം...
ഈശന്‍ നാമം ഉരിയാടണം...
ഈശന്‍ മുഖം നോക്കി ചിരിക്കണം..
ഈശനോടു മാത്രം കരയണം.

പാമ്പ്‌

ഒരു പാമ്പിനെ കണ്ടയാള്‍ ആര്‍ത്തു കൂവി

'പാമ്പെ'ന്ന് കേട്ടൊരാള്‍ വടിയായെത്തി

അയാളെ കണ്ടൊരാള്‍ പുറകെ പാഞ്ഞു

അയാളുമെടുത്തു മുട്ടനൊരു കൊട്ടുവടി

കൊട്ടുവടി കണ്ടൊരാള്‍ കൂടെ കൂടി

ഇവരെ കണ്ടോരെല്ലാം കൂടെ കൂടി

പാമ്പെവിടെ? എല്ലാരും ആര്‍ത്തു കൂവി

പാമ്പിനെ കണ്ടോനെ കണാനില്ല!

അടിവീണു പല തവണ

ഇടി വീണു പല തവണ

ഇടിയും വെടിയും കേട്ട്‌ പാമ്പ്‌ ചൊല്ലി..

ആളേറെയാണെ ഒരു പാമ്പെ തല്ലാന്‍!

പാവം തൂണ്‌!

കുട്ടി തട്ടി വീണപ്പ്പ്പോള്‍ പലരറിഞ്ഞു

ഒളിച്ചു നോക്കിയ ഊമനു തല്ല് കിട്ടി

ഒളിച്ചു കേട്ട കുരുടനു മുട്ടു കിട്ടി

പൊട്ടിച്ചിരിച്ചോടിയ ചേട്ടനു വഴക്കു കിട്ടി

നിര്‍ജ്ജീവമാം തൂണിനതെല്ലാം കിട്ടി

ചാക്കുവിന്റെ മൂക്ക്‌

ചാക്കുവിനുണ്ടൊരു മൂക്ക്‌

മുക്കുറ്റി പോലൊരു മൂക്ക്‌

മൂക്കുത്തിയില്ലാത്തൊരു മൂക്ക്‌

മൂക്കയറില്ലാത്ത മൂക്ക്‌

മണത്താല്‍ അടയുന്ന മൂക്ക്‌

ശ്വസിച്ചാല്‍ ചുവക്കുന്ന മൂക്ക്‌

ചുമച്ചാല്‍ ചൊറിയുന്ന മൂക്ക്‌

തുമ്മിയാല്‍ തെറിക്കുന്ന മൂക്ക്‌

മുറിച്ചെറിയാമോ നമുക്ക്‌!