2009 ജൂൺ 13, ശനിയാഴ്‌ച

ആനയും അണ്ണാനും




അണ്ണാന്‍ ഒരു ദിനം പുറത്തു വന്നപ്പോള്‍
കണ്ടല്ലോ ഒരുവമ്പന്‍ കൊമ്പനാനയെ
പട്ട തിന്നു രസിക്കും കൊമ്പനെ-
അണ്ണാന്‍ കുഞ്ഞിന്നു ഒരെളുപ്പമായ്

മുന്നില്‍ ഓടി ചാടി കളിച്ചവന്‍-
പുറത്തു കേറി തിമിര്‍ത്തവന്‍
ഒരു മരകൊമ്പില്‍ പാഞ്ഞു കേറീട്ട്-
കൊമ്പന്‍ പുറത്തും കേറി നടന്നവന്‍

പിറ്റേന്ന് എഴുന്നെള്ളിപ്പ് ഉത്സവം അതുവഴി വന്നപ്പോള്‍
കൊമ്പന്മാര്‍ ഏറെ നെറ്റി പട്ടം കെട്ടി നിന്നപ്പോള്‍
നടുവിലതാ ചെവി രണ്ടും വീശി കൊണ്ടു നില്‍ക്കുന്നു
വിശ്വസിക്കാനായില്ല- അണ്ണാന്‍ കുഞ്ഞു തന്‍ കളിത്തോഴന്‍

ഇന്നിലെ അവര്‍ ഉറ്റ ചങ്ങാതികള്‍
ഇന്നവര്‍ വെറും നാട്ടുകാര്‍ മാത്രം
നാളെ അവര്‍ കേവലം അന്യരത്രേ സത്യം
എത്ര എത്ര അകന്നു പോകുന്നിതാ-
ഈ ഉലകിലെ മാനുഷ സ്നേഹബന്ധം.

2007 ഒക്‌ടോബർ 22, തിങ്കളാഴ്‌ച

പാടും കിളി

by: Dr. Simon Zachariah

പാടും കിളിക്കു ഞാന്‍ പഴം കൊടുത്തു
പാടും കിളിക്കു ഞാന്‍ പയര്‍ കൊടുത്തു
പാടും കിളി- പനയോല തന്‍ പാട്ടു പാടി
പാട്ടു കേട്ടെന്‍ പാടത്തു പയര്‍ കിളിര്‍ത്തു

പാടും കിളിക്കവര്‍ പണം കൊടുത്തു
പാടും കിളിക്കവര്‍ പവിഴമേകി
പാടും കിളിക്കെന്തിനീ പാഴ്ച്ചിലവു?
പാടെന്തുപെട്ടിട്ടും പാടീല്ലതു

പെറ്റമ്മ എന്നെ പോറ്റാന്‍ പാടുപെട്ടു
പട്ടും പണവും തേടി ഞാന്‍ നാടു വിട്ടു
പട്ടും പണവും ഞാന്‍ ഏറെ നല്‍കി
എന്നാല്‍ ഇന്നവള്‍ ഒറ്റക്കായ്‌-ഏകയായി

പട്ടുടുക്കാന്‍ അവള്‍ക്കു ത്രാണിയില്ല
പണം കൊണ്ട്‌ വാങ്ങാന്‍ സ്നേഹം കടയിലില്ല
മാറിലെ ചൂടേകാന്‍ കമ്പിളിക്കാവതില്ല
കെട്ടിപ്പിടിച്ചെന്നമ്മയെ ഞാനുറക്കും.

രഹസ്യദുഃഖം

By: Dr. Simon Zachariah

പണിപ്പെടാതെ പണമുണ്ടാക്കാന്‍ പണക്കാരനറിയാം
പക്ഷേ പാവത്തിന്റെ ദുഃഖം പാരിലാരറിവൂ...
പടം വരയ്ക്കാനുമറിയില്ല പണിതുയര്‍ത്താനുമറിയില്ല
പടയൊരുക്കി പട പൊരുതാനും പാവത്തിനറിയില്ല

കാന്തിയേറുമൊരു പൂവുണ്ട്‌- കായ്ക്കാന്‍ ഏതുമറിയില്ല
മധുവേറും ഫലമുണ്ടൊന്ന്-ഫലമെന്ത്‌ വിത്തൊന്നുമില്ലെങ്കില്‍
പുഴയിലേറെ ജലമുണ്ടഹോ-ചാലുകളില്ലല്ലോ പരന്നൊഴുകാന്‍!
ആയുധമേറെയുണ്ടാം-പക്ഷേ പ്രയോഗിക്കാനാര്‍ക്കറിയാം?

സത്യമേറെയറിഞ്ഞേക്കാം- ധൈര്യമുണ്ടോ പുറത്തോതാന്‍?

ആരുടെ കുറ്റമാണു?

By: Dr. Simon Zachariah

ഗോവണി വച്ചു കൊടുത്തിട്ടല്ലേ കുരങ്ങ്‌ കയറി വന്നത്‌?
വടിയെടുത്തു കൊടുത്തിട്ടല്ലേ അടി നീ മേടിച്ചത്‌?

വാതില്‍ തുറന്നിട്ടിട്ടല്ലേ കള്ളന്‍ കട്ടുകൊണ്ടു പോയത്‌?
എണ്ണ ഒഴിച്ച്‌ കൊടുത്തിട്ടല്ലേ തീ ആളിക്കത്തിയത്‌?

ചളിയില്‍ ചാടിക്കളിച്ചിട്ടല്ലേ നീ തെന്നി വീണുപോയത്‌?
താഴ്‌ന്നു പറന്നിട്ടല്ലേ പക്ഷി വെടികൊണ്ട്‌ വീണു പോയത്‌?

ഏഷണി പറഞ്ഞിട്ടല്ലേ തമ്മില്‍ വഴക്കടിപ്പിച്ചത്‌?
ദുര്‍മ്മാര്‍ഗ്ഗം കാണിച്ചിട്ടല്ലേ നിന്‍ കുഞ്ഞ്‌ അതു പഠിച്ചത്‌?

2007 ഒക്‌ടോബർ 21, ഞായറാഴ്‌ച

മേരി ടീച്ചര്‍

By Dr. Simon Zachariah

മേരി ടീച്ചര്‍ എണ്ണാന്‍ പഠിപ്പിച്ചു കുഞ്ഞുങ്ങളെ
ഒന്നു മുതല്‍ ആയിരം വരെ ....പട പടേ
ഓരോ കുട്ടിയുമതേറ്റു പാടി ....തുരു തുരേ
തൊള്ളായിരത്തിതൊണ്ണൂറ്റൊമ്പതു ...ആയിരം

കുട്ടികള്‍ വളര്‍ന്നു ...ഊക്കന്‍ പൗരരായ്‌
നാളത്തെ പൗരരായിരുന്നോര്‍ പൂമ്പാറ്റയായ്‌
ചിലര്‍ നിശാശലഭങ്ങളായ്‌ വണ്ടുകളായ്‌
പല വഴിക്കു പോയെങ്കിലും എണ്ണം മറന്നില്ല.

ചിലരെണ്ണീ ചില സ്വര്‍ണ്ണനാണയങ്ങളെ
പലരെണ്ണീ ഏറെ അരിമണികളെ.....
ചിലരെണ്ണീ തണുത്ത ജയിലഴികളെ....
ആരും എണ്ണാന്‍ മറന്നില്ല കൂട്ടരെ!

എട്ടു പത്ത്‌ എണ്‍പതെന്നാണു വാസ്തവം
ഒന്‍പത്‌ പത്ത്‌ എങ്ങിനെ തൊണ്ണൂറായെടോ?
ഒന്‍പത്‌ നൂറെങ്ങിനെ തൊള്ളായിരമായ്‌ ടീച്ചറെ?
നിന്‍ ഓമനകളെങ്ങിനെ പലവഴി തിരിഞ്ഞു പോയ്‌?

ഫലമായ്‌ ഭവിച്ചതെല്ലാം ഭുജിച്ചിടാനാകുമോ?
പറഞ്ഞും കാണിച്ചും തല്ലിയും പഠിപ്പിക്കുക
കമിഴ്‌ന്നിരിക്കും കുടം നിവര്‍ത്തി നിറക്കുക
അതു താന്‍ മാത്രം നിന്‍ കര്‍മ്മവും ധര്‍മ്മവും.

ഉറുമ്പും ഉടുമ്പും

By Dr. Simon Zachariah

ഉറുമ്പിനെ കൊന്നാല്‍ കുഴിച്ചിടേണ്ട
ഉടുമ്പിനെ കൊന്നാല്‍ കുഴിച്ചൂമൂടാം

ഉറുമ്പിനെ കൊല്ലാതെ കുഴിച്ചു മൂടാ
ഉടുമ്പിനെ കൊല്ലാതെ കുഴിച്ചു മൂടാ

ഉറുമ്പിനെ ചവുട്ടിയാല്‍ ആരറിയാന്‍
ഉടുമ്പിനെ ചവുട്ടിയാല്‍ മറക്കില്ല നീ

ഉടുമ്പിന്നരികെ ഉറുമ്പ്‌ പോകാ
ഉറുമ്പിന്‍ കൂട്ടില്‍ ഉടുമ്പ്‌ പോകാ

സംശയമുണ്ടെങ്കില്‍ ചവുട്ടി നോക്കൂ
മറിച്ചാണെങ്കില്‍ ഞാന്‍ തിരുത്താം.

2007 ഒക്‌ടോബർ 20, ശനിയാഴ്‌ച

കൃഷിക്കാരന്‍

By Dr. Simon Zachariah

ഒരു വിത്തു നട്ടാല്‍ ഒരു മരമുണ്ടാകാം
ആയിരം വിത്തു നട്ടാല്‍ ആയിരം മരമുണ്ടാകാം
നീയെത്ര മരം നടുമെന്‍ കൂട്ടുകാരാ?

മുറ്റത്തു നട്ടാല്‍ ചുറ്റുമുള്ളോര്‍ക്കു തിന്നാം
നാട്ടിലൊക്കെ നട്ടാല്‍ നാട്ടിലുള്ളോര്‍ക്കൊക്കെ തിന്നാം
നീയെവിടെയൊക്കെ മരം നടുമെന്‍ കൂട്ടുകാരാ?

നല്ല പഴമരം നട്ടാല്‍ രുചിയോടെ തിന്നാം
വല്ല മരവും നട്ടാല്‍ തടി മുറിച്ച്‌ പലകയാക്കാം
എന്തു മരം നടും നീ കൂട്ടുകാരാ?